കുറേ വർഷങ്ങളായി ശുപാർശ നൽകി കൊണ്ടിരിക്കുകയായിരുന്നു; മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയത് സന്തോഷകരമായ കാര്യം: മുഖ്യമന്ത്രി

മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും നൽകിയത് ഏറ്റവും സന്തോഷകരമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചങ്ങിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മമ്മൂട്ടിയെ അഭിനന്ദിക്കുന്നുവെന്നും എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നത്. ഓരോ കഥാപാത്രവും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം പകർച്ചയോടെയാണ് വിസ്മയിപ്പിക്കുന്നത്. നാലര ദശകമായ് 400 സിനിമകളിലായി പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാതലിലെ വേഷം ഏതൊരു സൂപ്പർതാരവും അഭിനയിക്കാൻ മടിക്കുന്നതായിരുന്നു. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേത്. സിനിമയ്ക്കും അഭിനയ കലക്കും സ്വന്തം ജീവിതം തന്നെ സമർപ്പിച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി പ്രകീർത്തിച്ചു. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെടി തോമസ് പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ. എട്ട് മലയാളികൾക്കാണ് പത്മ അവാർഡുകൾ ലഭിച്ചത്.



