ക്യാപ്റ്റനടക്കം മുങ്ങാൻ പോകുന്ന കപ്പലിൽ തരൂർ പോകുമെന്ന് ബോധമുള്ള ആരും കരുതില്ല: കെ മുരളീധരൻ

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ സിപിഎമ്മിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി കെ മുരളീധരൻ. ശശി തരൂരിനെ പോലെ അന്താരാഷ്ട്ര പ്രശസ്തനായ ഒരു നേതാവ് സിപിഎം എന്ന മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂർ ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ പറയാൻ പറ്റുന്ന തമാശയാണ്. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അസംതൃപ്തികളുണ്ടാകം. പ്രത്യേകിച്ച് മഹാ പഞ്ചായത്ത് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തതിൽ വിഷമമുണ്ടെന്ന് മനസിലാക്കുന്നു
എന്നാൽ അത് രാഹുൽ ഗാന്ധിയുടെ തെറ്റല്ല. എഴുതി നൽകിയ ലിസ്റ്റ് രാഹുൽ വായിക്കുക മാത്രമാണ് ചെയ്തതെന്നും തരൂരിനെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലന്നും മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി നേരിട്ട് ശശി തരൂരിനെ വിളിച്ച് പ്രയാസം നീക്കുമെന്നാണ് കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു



