Kerala

എന്റെ സഹോദരാ എനിക്ക് പരിഭവമില്ല; സൈബർ അധിക്ഷേപം നടത്തിയ അസ്ലം മുഹമ്മദിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് ലിന്റോ ജോസഫ്

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനോട് യാതൊരു പരിഭവവുമില്ലെന്ന് ലിന്റോ ജോസഫ് എംഎൽഎ. പോലീസ് കസ്റ്റഡിയിലെടുത്ത അസ്ലം മുഹമ്മദിനെ സ്‌റ്റേഷനിലെത്തി കണ്ട്, കേസ് ഒഴിവാക്കി മോചിപ്പിച്ച ശേഷമാണ് എംഎൽഎയുടെ പ്രതികരണം. അസ്ലം മുഹമ്മദ് ഒത്തുള്ള ചിത്രവും എംഎൽഎ പങ്കുവെച്ചു. അതേസമയം അസ്ലമിന്റെ മുഖം മറച്ചാണ് ചിത്രം പങ്കുവെച്ചത്

ലിന്റോ ജോസഫിന്റെ കുറിപ്പ്

പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു..

മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗർഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാൻ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാൽ, കൂടുതൽ സംശുദ്ധവും മാന്യതയിൽ അധിഷ്ഠിതവുമായ ഒരു സോഷ്യൽ മീഡിയ സംസ്കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും ബോഡി ഷെയിമിങ്ങിൽ നിന്നും സ്ത്രീവിരുദ്ധതയിൽ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങൾ ഉയർന്നുവരുന്ന സ്പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങൾ മാറണം. എങ്കിൽ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാൻ സാധിക്കൂ…

അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..

എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താൻ നിങ്ങൾ എന്നെ വിളിച്ചപ്പോൾമുതൽ നമ്മൾ പരസ്പരം അറിഞ്ഞില്ലേ.

എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ ഒരു പരിചയക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം.

സ്നേഹത്തോടെ

ലിന്റോ ❤️

See also  കാട്ടാന ആക്രമണം; ഇടുക്കിയിൽ 24കാരന് ദാരുണാന്ത്യം

Related Articles

Back to top button