ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായത് സാബു എം ജേക്കബിന്റെ കമ്പനിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെ

കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്വന്റി ട്വന്റി പാർട്ടി എൻഡിഎയുടെ ഭാഗമായത് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ കമ്പനിയായ കിറ്റക്‌സിനെതിരെ ഇഡി അന്വേഷണം കടുപ്പിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. രണ്ട് തവണ കമ്പനിക്കെതിരെ ഇ ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ സാബു ഹാജരായിരുന്നില്ല. പിന്നാലെയാണ് ഉപാധികളൊന്നുമില്ലാതെ സാബു എം ജേക്കബ് തന്റെ പാർട്ടിയെ എൻഡിഎയിൽ ലയിപ്പിക്കുന്നത്
കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. രണ്ട് തവണ ഇതിന്റെ ഭാഗമായി നോട്ടീസ് അയച്ചെങ്കിലും സാബു ഹാജരായില്ല. പകരം ചാർട്ടേഡ് അക്കൗണ്ടന്റിനെയാണ് അയച്ചത്.
ഇതിൽ ഇഡി അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് സാബുവിന്റെ പാർട്ടിയായ ട്വന്റി ട്വന്റിയുടെ എൻഡിഎ പ്രവേശനം. ജനുവരി 22നാണ് ട്വന്റി ട്വന്റി എൻഡിഎക്കൊപ്പം ചേരുന്നതായി സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. പാർട്ടി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ട്വന്റി ട്വന്റി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നത്.


