വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സംഭവം; പയ്യന്നൂരിൽ ഇന്ന് സിപിഎമ്മിന്റെ വിശദീകരണ യോഗം

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പയ്യന്നൂരിൽ ഇന്ന് സിപിഎമ്മിന്റെ വിശദീകരണ യോഗം നടക്കും. ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണനെ ഇന്നലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് സിപിഎം പറയുന്നത്
രക്തസാക്ഷി ഫണ്ട് ക്രമക്കേട് അടക്കം കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ധനാപഹകരണം നടന്നിട്ടില്ലെന്നും പാർട്ടി പറയുന്നു. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും യോഗത്തിൽ വിശദീകരിക്കും. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കയ്യിലെ കോടാലിയായെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് ഇന്നലെ പറഞ്ഞിരുന്നു
അതേസമയം ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് വി കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനൻ അടക്കമുള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം.



