യുവതി വൈശാഖന്റെ ബന്ധു, തൂങ്ങിനിൽക്കുന്ന സമയത്തും പീഡിപ്പിച്ചു; മരണം ഉറപ്പാക്കിയ ശേഷം ഭാര്യയെ വിളിച്ചു

കോഴിക്കോട് കക്കോടിയിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയെ സ്റ്റൂൾ തട്ടിമറിച്ച് കൊലപ്പെടുത്തിയ വൈശാഖൻ നടത്തിയത് കൊടുംക്രൂരത. തന്റെ വർക്ക്‌ഷോപ്പിലേക്ക് യുവതിയെ വിളിച്ചു വരുത്തിയാണ് കൊല നടത്തിയത്. കൊല്ലപ്പെട്ട യുവതി വൈശാഖന്റെ ബന്ധു കൂടിയാണ്
ചെറിയ പ്രായം മുതൽ പരിചയത്തിലായിരുന്ന യുവതിയെ പ്രായപൂർത്തിയാകും മുമ്പ് തന്നെ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരം കൂടി മൊഴിയെടുപ്പിൽ പുറത്തുവന്നതോടെ പോക്‌സോ വകുപ്പ് കൂടി വൈശാഖന് മേൽ ചുമത്തി. വർഷങ്ങളായി ബന്ധം തുടർന്ന് വന്ന വൈശാഖനോട് യുവതി വിവാഹ അഭ്യർഥന നടത്തിയതോടെയാണ് കൊലപാതകം പ്ലാൻ ചെയ്തത്
ഒരിക്കൽ വിവാഹിതനായതിനാൽ ഇനി വിവാഹം കഴിക്കാനാകില്ലെന്നും എന്നാൽ നീയില്ലാതെ ജീവിക്കാൻ ആകില്ലെന്നും ഒന്നിച്ച് മരിക്കാമെന്നും വൈശാഖൻ യുവതിയോട് പറഞ്ഞു. 24ന് ഉച്ചയോടെ വൈശാഖന്റെ ഉടമസ്ഥഥതയിലുള്ള വർക്ക് ഷോപ്പിലേക്ക് മരിക്കാനായി യുവതിയെ വിളിച്ചുവരുത്തി. ഇരുവരും സ്റ്റുളുകളിൽ കയറി കയറുകളിൽ കുരുക്കിട്ട് നിന്നു
പെട്ടെന്ന് താഴെ ഇറങ്ങിയ വൈശാഖൻ യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു. കയറിൽ കിടന്ന് യുവതി പിടയുന്ന സമയത്തും ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കെട്ടറുത്ത് നിലത്ത് കിടത്തയും പാതി ജീവനുള്ള യുവതിയെ ബലാത്സംഗം ചെയ്‌തെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തലുണ്ടായി
യുവതി മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ തന്റെ ഭാര്യയെ ഫോൺ ചെയ്തു. യുവതിയെ വർക്ക് ഷോപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെന്ന് പറഞ്ഞാണ് ഭാര്യയെ വിളിച്ചത്. ഭാര്യയ്‌ക്കൊപ്പമാണ് വൈശാഖൻ കാറിൽ യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വർക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് വൈശാഖന്റെ കൊടുംക്രൂരത പുറത്തു കൊണ്ടുവന്നത്.



