നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉന്നയിക്കാൻ പ്രതിപക്ഷം

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിഷയം സർക്കാരിനെതിരെ വീണ്ടും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൂടാതെ പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത് അടക്കമുള്ള വിഷയവും പ്രതിപക്ഷം ഉന്നയിക്കും
ശബരിമല സ്വർണക്കൊള്ള അടിയന്തര പ്രമേയമായി കൊണ്ടുവരുമോ എന്നതിലാണ് ആകാംക്ഷ. രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് തുടരും. ഈ മാസം 29നാണ് സംസ്ഥാന ബജറ്റ് അവതരണം.
ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ ധർണ നടക്കുക. കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം.



