പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് മന്ത്രി

വിദ്യാർഥികളുടെ പഠന ഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികൾ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു
കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശിവൻകുട്ടി
വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമിക്കാത്തവരുള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നൽകിയതെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്‌കൂളിൽ ജോലി നൽകണമെന്നും വി ശിവൻകുട്ടി അഭ്യർഥിച്ചു



