ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസില്ല; കേന്ദ്ര അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ലെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി വിമർശിച്ചു
സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോഴാണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാനാകുക. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് പോലും കേന്ദ്രത്തിന്റെ പരിഗണന കിട്ടിയില്ല. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. വർഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം അവഗണനയാണ് കാണിക്കുന്നത്
രാജ്യത്തിന്റെ അന്തസ്സ് ലോകത്തിന് മുന്നിൽ ഇടിച്ചു താഴ്ത്തുന്നതാണ് കേന്ദ്രത്തിന്റെ നടപടി. ജനാധിപത്യമൂല്യങ്ങളോട് പോലും സംശയം തോന്നുന്ന അവസ്ഥയാണ്. കേരളത്തിന് എയിംസ് നൽകുന്നതിൽ കേന്ദ്രം മൗനം തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.



