ബംഗാളിലെ അനുഭവം ഓർക്കണം; തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് കെ സച്ചിദാനന്ദൻ

തുടർഭരണം നല്ലതല്ലെന്ന നിലപാട് ആവർത്തിച്ച് കവിയും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോൺഗ്രസ് ആണ് ഭരിക്കുന്നതെങ്കിൽ താൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും കെ സച്ചിദാനന്ദൻ പ്രതികരിച്ചു.
തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികൾ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കേണ്ടതുണ്ട്, പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാൽ വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്.
തുടർച്ചയായ ഭരണത്തിലൂടെ അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരികയാണ്. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു


