യാത്ര കോട്ടയം വഴി; ആലിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്: നമ്മുക്ക് വഴിയൊരുക്കാം

വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങളുമായി ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. KL 07 DF 3177 എന്ന നമ്പരുള്ള ആംബുലന്‍സാണ് അഞ്ചുപേര്‍ക്ക് പുതുജീവനേകാനിരിക്കുന്ന അവയവങ്ങളുമായി യാത്ര തുടങ്ങിയിരിക്കുന്നത്. വഴിയൊരുക്കാന്‍ കേരള പൊലീസ് സര്വ സജ്ജമാണ്. വഴിയൊരുക്കാന്‍ നമ്മുക്കും കൈകോര്‍ക്കാം. കോട്ടയം വഴിയാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര.
അമൃത ആശുപത്രിയില്‍ നിന്ന് കുന്നുംപുറം ഇടപ്പള്ളി വൈറ്റില കുണ്ടന്നൂര്‍ വഴി ആംബുലന്‍സ് തൃപ്പൂണിത്തുറയിലെത്തും. തൃപ്പൂണിത്തുറ ബൈപ്പാസ് വഴി കാഞ്ഞിരമറ്റത്തേക്ക് പ്രവേശിക്കുന്ന വാഹനം തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയത്തെത്തും. തുടര്‍ന്ന് ചങ്ങനാശ്ശേരിയും തിരുവല്ലയും ചെങ്ങന്നൂരും അടൂരും കടന്ന് വാഹനം കൊട്ടാരക്കരയിലേക്കും അവിടെ നിന്ന് കിളിമാനൂരിലേക്കും തുടര്‍ന്ന് വെഞ്ഞാറമൂടിലേക്കും കഴക്കൂട്ടം കിംസ് ആശുപത്രിയിലേക്കുമെത്തും. വെള്ളിയാഴ്ച വൈകീട്ടായതിനാല്‍ എറണാകുളത്ത് ഉള്‍പ്പെടെയുള്ള ട്രാഫിക്ക് ബ്ലോക്കാകും യാത്രയ്ക്കുള്ള വെല്ലുവിളി. ആംബുലന്‍സിനായി വഴികൊടുത്ത് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണം.
രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് പുതുജീവന്‍ പകരുക. കരള്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞായി ഈ കുട്ടി മാറും. നേത്രപടലങ്ങള്‍ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകും. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് വൈകീട്ട് 6.30 യോടെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
അഞ്ച് പേര്‍ക്കാണ് കുഞ്ഞ് ആലിന്‍ പുതുജീവന്‍ പകരുക. ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടി. ഒരാഴ്ച കുഞ്ഞ് ചികിത്സയിലായിരുന്നെങ്കിലും ഇന്ന് കുഞ്ഞിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.



