Kerala
കസേരയോടെ മകൻ വലിച്ചെറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കസേരയോടെ മകൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂർ പള്ളിയാന്മൂല ലക്ഷംവീട് ഉന്നതിയിൽ വി ശാന്തയാണ്(88) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ശാന്തയുടെ മരണത്തിന് പിന്നാലെ മകൻ സജീവന്(58) മേൽ കൊലക്കുറ്റം ചുമത്തും.
ഇയാളെ കണ്ണൂർ ടൗൺ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ സജീവൻ കസേരയോടെ വലിച്ചെറിയുകയായിരുന്നു.
മുറ്റത്ത് തലയടിച്ച് വീണ ശാന്തക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടിൽ ചെലവിന് കൊടുക്കാത്തതിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു. സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു



