സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണം: രാജീവ് ചന്ദ്രശേഖർ

നവകേരള സർവേക്ക് ഇതുവരെ സിപിഎം ചിലവാക്കിയ പണം ട്രഷറിക്ക് മടക്കി നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള സർക്കാരിന് സ്‌കൂളുകൾ പണിയാൻ കാശില്ല. ഡോക്ടർമാർക്ക് നൽകാൻ പണമില്ല. കർഷകർക്ക് നൽകാനും ഈ സർക്കാരിന്റെ കയ്യിൽ പണമില്ല. സിപിഎം ജനങ്ങളെ ദ്രോഹിക്കുന്നു. സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമല കൊള്ളയിൽ താൻ അന്ന് പറഞ്ഞ കാര്യം ഇപ്പോഴും ആവർത്തിക്കുന്നു. കൊള്ളയ്ക്ക് പിന്നിലെ യഥാർഥ വ്യക്തികളെ ഒളിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. എസ്‌ഐടി എന്തുകൊണ്ടാന്വേഷണം കൃത്യമായി നടത്തുന്നില്ല. പിന്നിലെ എല്ലാവരെയും ജയിലിൽ അയക്കും എന്നത് ബിജെപി ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് ആത്മാർഥത ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്യണം. കൊള്ള തമിഴ്‌നാടും കർണാടകയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നാട്ടിലെ ഡോക്ടർമാരെല്ലാം സമരത്തിലാണ്. കുറച്ച് ദിവസം മുൻപ് ആശാവർക്കർമാരുടെ സമരം കണ്ടു. 24 മണിക്കൂർ ബാറ് തുറക്കണം എന്നതാണോ ഈ സർക്കാരിന്റെ വലിയ നേട്ടമായി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു



