Kerala

യാത്രക്കാരിയോട് ലൈംഗിക അതിക്രമം; പനങ്ങാട് ഓട്ടോ ഡ്രൈവർ പിടിയിൽ

കൊച്ചി: യാത്രയ്ക്കായി വിളിച്ച ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഡ്രൈവർ പനങ്ങാട് പൊലീസിന്റെ പിടിയിലായി. പനങ്ങാട് നടുത്തുരുത്തി വെളിയത്ത് ചിറയിൽ മിഥുൻ പ്രകാശ് (34) ആണ് അറസ്റ്റിലായത്. വൈറ്റിലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

​ജോലി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങാൻ വേണ്ടിയാണ് യുവതി മിഥുൻ പ്രകാശിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. എന്നാൽ യാത്രയ്ക്കിടയിൽ ഓട്ടോ വഴിതിരിച്ചുവിട്ട പ്രതി, പനങ്ങാടുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഇവരെ അടുത്തുള്ള മറ്റൊരു സ്ഥലത്ത് ഇറക്കിവിട്ട ശേഷം ഓടിച്ചുപോയി.

​പ്രതിക്കെതിരെ മുൻപും അടിപിടി ഉൾപ്പെടെയുള്ള മറ്റ് കേസുകൾ നിലവിലുണ്ടെന്ന് പനങ്ങാട് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളിൽ ഒളിത്താവളങ്ങൾ മാറ്റി പാർക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്താൻ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

​ഒടുവിൽ പ്രതി എറണാകുളം ചിറ്റൂർ ഭാഗത്ത് എത്താറുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്, പനങ്ങാട് സി.ഐ വിമലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെ വെച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥരായ അരുൺ രാജ്, റെജീഷ് ഉപേന്ദ്രൻ, സൈജു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് സാഹസികമായി പിടികൂടിയത്.

See also  പത്തനംതിട്ട കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

Related Articles

Back to top button