ട്രെയിൻ യാത്രക്കിടെ കൈക്കുഞ്ഞിനെ സഹയാത്രികന് സമീപം ഇരുത്തി യുവതി മുങ്ങി; സംഭവം കോഴിക്കോട്

ട്രെയിൻ യാത്രക്കിടെ കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതിക്കായി തെരച്ചിൽ സഹയാത്രികന് സമീപം ഇരുത്തി ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞാണ് യുവതി മുങ്ങിയത്. കുറേ നേരം കഴിഞ്ഞിട്ടും യുവതി തിരികെ വരാത്തതിനെ തുടർന്ന് പരിഭ്രാന്തനായ യുവാവ് ഫറോക്ക് സ്‌റ്റേഷനിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു
തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. കുട്ടിയെ സിഡബ്ല്യുസി ഒബ്‌സർവേഷൻ സെന്ററിൽ എത്തിച്ചിട്ടുണ്ട്. മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന കണ്ണൂർ-കോഴിക്കോട്-പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങിയത്
ട്രെയിനിൽ കുഞ്ഞുമായി കയറിയ യുവതി യുവാവിന് സമീപത്താണ് ഇരുന്നത്. തുടർന്ന് കുഞ്ഞിനെ നോക്കണം, ശുചിമുറിയിൽ പോയി വരട്ടെ എന്ന് യുവാവിനോട് പറഞ്ഞ ശേഷം സീറ്റിൽ നിന്ന് എഴുന്നേറ്റു. ഇതേ സമയം ട്രെയിൻ പാലക്കാടേക്ക് പുറപ്പെട്ടു. കല്ലായി കഴിഞ്ഞിട്ടും യുവതി തിരികെ വരാത്തതിനെ തുടർന്ന് പരിഭ്രാന്തിയിലായ യുവാവ് ഫറോക്ക് സ്‌റ്റേഷനിൽ ഇറങ്ങി കുട്ടിയെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു
ആർപിഎഫ് വിവരം ഫറോക്ക് പോലീസിനെ അറിയിച്ചു. ബന്ധുക്കൾ വരുന്നതുവരെ കുട്ടിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. 25 വയസ് തോന്നിക്കുന്ന യുവതിയാണ് ട്രെയിനിൽ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. യുവതിക്കായി തെരച്ചിൽ തുടരുകയാണ്



