കേരളാ പോലീസില്‍ സഹായം തേടി വൈറല്‍ താരം മൊണാലിസ; വിവാഹം ഇന്ന് തിരുവനന്തപുരത്ത്

യുപിയിൽ നടന്ന മഹാകുംഭമേളയിലെ വൈറൽ താരമായി മാറിയ മൊണാലിസ ഭോസ്ലെക്ക് ഇന്ന് കേരളത്തിൽ വിവാഹം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വിവാഹം നടക്കുക. വിഴിഞ്ഞത്തെ ക്ഷേത്രത്തിൽ വെച്ചാണ് വിവരം. മുസ്ലിം യുവാവുമായുള്ള ബന്ധം പിതാവ് എതിർത്തതിനാൽ മൊണാലിസ കേരളാ പോലീസിൽ സഹായം തേടുകയായിരുന്നു
മൊണാലിസ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വിഴിഞ്ഞത്ത് വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിന്റെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലായി. ഇത് വീട്ടുകാർ എതിർത്തതോടെയാണ് തമ്പാനൂർ പോലീസിൽ അഭയം തേടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
മറ്റൊരാളുമായി പിതാവ് വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് കാമുകനൊപ്പം മൊണാലിസ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലെത്തിയത്. മധ്യപ്രദേശ് സ്വദേശി ഫർമാനുമായി പ്രണയത്തിലാണ് യുവതി. സിനിമാ ഷൂട്ടിംഗിനായി മൊണാലിസയും കുടുംബവും നിലവിൽ തിരുവനന്തപുരത്താണ് ഉള്ളത്. ഇന്ന് വൈകിട്ട് അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വൈകിട്ട് അഞ്ച് മണിക്ക് മൊണാലിസയുടെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്. മഹാകുംഭമേളക്കിടെ സോഷ്യൽ മീഡിയ വഴിയാണ് മൊണാലിസ രാജ്യത്താകെ ശ്രദ്ധ നേടിയത്
കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായി മാറുകയായിരുന്നു. പെട്ടെന്നുള്ള പ്രശസ്തി ശല്യമായി മാറിയതോടെ മകളെ പിതാവ് ഇൻഡോറിലേക്ക് തിരിച്ചയച്ചിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും യുവതിയെ തേടിയെത്തി. ദി ഡയറി ഓഫ് മണിപ്പൂർ എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. മലയാള സിനിമയിലും മൊണാലിസ അഭിനയിക്കുന്നുണ്ട്



