തൃശ്ശൂർ എരുമപ്പെട്ടിയിൽ വയോധികയെ തെരുവ് നായ കടിച്ചു കൊന്നു; നായയെ പിടികൂടി

തൃശ്ശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി. ഇന്നലെ രാത്രിയോടെ നാട്ടുകാരുടെ നേത്യത്വത്തിലാണ് നായയെ പിടികൂടിയത്. പ്രദേശത്ത് മുഴുവൻ തെരുവ് നായകളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിടികൂടിയ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് ഇന്നലെ നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. 84 കാരിയായ കാർത്യായനിയാണ് ആക്രമണത്തിൽ മരിച്ചത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകൻ മണി സന്ധ്യയോടെ ഇവർക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തിൽ കുളിച്ച് കിടക്കുന്നതായി കണ്ടത്.
ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകൻ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രണ്ട് വർഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടർന്നാണ് കാർത്ത്യായിനി കിടപ്പിലായത്.നായയുടെ ആക്രമണം നടക്കുമ്പോൾ വയോധികയുടെ വീട്ടിലും പരിസരത്തും മറ്റാരുമുണ്ടായിരുന്നില്ല. ഈ നായ മറ്റ് വളർത്ത് നായ്ക്കളേയും ആളുകളേയും കടിച്ചതായി നാട്ടുകാർ സംശയിക്കുന്നുണ്ട്.


