നേമത്ത് വൈഷ്ണ സുരേഷിന് സീറ്റില്ല; കെ എസ് ശബരിനാഥനെ മത്സരിപ്പിക്കാൻ ധാരണ

തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി. നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത. വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല.
നഗരസഭാ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് ജയം നേടിക്കൊടുത്തയാളാണ് ശബരിനാഥൻ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് വീണ്ടും ഡൽഹിയിൽ യോഗം ചേരും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയാണ് യോഗം. സിറ്റിംഗ് എംഎൽഎമാർ അടക്കം ഏറ്റവും വിജയസാധ്യതയുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ അംഗീകരിച്ചിരുന്നു.



