20 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും; അനുനയിപ്പിക്കാൻ ചെന്നിത്തല

രാഷ്ട്രീയ കേരളത്തിൽ അടുത്തിടെയൊന്നും കാണാത്ത പൊട്ടിത്തെറിയിലേക്ക് കോൺഗ്രസ് നീങ്ങുന്നു. കെ സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന തീരുമാനത്തിന് പിന്നാലെ പോർമുഖം തുറക്കുകയാണ് സുധാകരനും അനുയായികളും. പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരൻ ആലോചിക്കുന്നത്. പാർട്ടി നേതാക്കളെ വിളിച്ച് കെ സുധാകരൻ ഗുഡ് ബൈ പറഞ്ഞതായാണ് വിവരം
കണ്ണൂരിൽ കെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കും. ഇതോടെ ബിജെപി കെ സുധാകരന് പിന്തുണ നൽകിയേക്കും. കണ്ണൂരിന് പുറമെ 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താനാണ് നീക്കം. കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളെ നിർത്താനാണ് ആലോചിക്കുന്നത്. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മത്സരിക്കുന്ന പറവൂരിലും സ്ഥാനാർഥിയെ നിർത്തും
കെ സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായതോടെ രമേശ് ചെന്നിത്തല അനുനയ നീക്കവുമായി രംഗത്തിറങ്ങി. കെ സുധാകരന് സീറ്റ് നൽകണമെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ വിളിച്ച്് ആവശ്യപ്പെട്ടു. കുറച്ചുനേരം കൂടി കാത്തിരിക്കണമെന്ന് ചെന്നിത്തല സുധാകരനോട് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും അൽപ സമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.



