നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല; പിണറായി മുഖ്യമന്ത്രി ആയാൽ സന്തോഷം: ജി സുധാകരൻ

പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്താവനയിൽ വിശദീകരണവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർഥി ജി സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്. പക്ഷേ മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല
താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണ്. തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ടു വരാം. യുഡിഎഫ് തന്നെ പിന്തുണക്കും, അത് സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. ചേർത്തലയിൽ പി പ്രസാദിനെതിരെ പ്രചാരണം നടത്തുമെന്നും ജി സുധാകരൻ പറഞ്ഞു.
പ്രസാദ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ നോക്കി. അവിടെ പോയി അയാളെ തോൽപ്പിക്കാൻ പറയാൻ തനിക്ക് അവകാശമുണ്ട്. കഴിഞ്ഞ തവണ ആറായിരത്തോളം വോട്ടിനാണ് അയാൾ ജയിച്ചത്. തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോയെന്നും ക്ഷുഭിതനായി ജി സുധാകരൻ ചോദിച്ചു


