പാലക്കാട് സിപിഎം ജയിക്കുമെന്ന് സതീശന് പരിഭ്രാന്തിയാണെന്ന് മന്ത്രി എംബി രാജേഷ്

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി മന്ത്രി എംബി രാജേഷ്. എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ല. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും രാജേഷ് പറഞ്ഞു
പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയത്. പൂർണ ആത്മവിശ്വാസത്തോടെയാണ് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ പാലക്കാട്, മണ്ണാർക്കാട് സീറ്റുകൾ ഇത്തവണ തിരിച്ചു പിടിക്കുകയാണ് എൽഡിഎഫിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു
പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസന മുരടിപ്പിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും മന്ത്രി പറഞ്ഞു. തൃത്താലയിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു ശക്തിയില്ല. മണ്ഡലത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ വിടി ബൽറാമിനെ മന്ത്രി പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു



