10 വർഷമായി നടക്കുന്നത് സംഘടിത കൊള്ള; മുഖ്യമന്ത്രി അടക്കം എല്ലാവരും അഴിമതിയിൽ: മുല്ലപ്പള്ളി

പത്ത് വർഷമായി സംസ്ഥാനത്ത് സംഘടിത കൊള്ളയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ മേഖലയിലും അഴിമതിയും കൊള്ളയുമാണ് നടക്കുന്നത്. ശബരിമല സ്വർണക്കൊള്ള ഇതിന് ഉദാഹരണമാണ്. മതങ്ങൾക്ക് അതീതമായി അത് വിശ്വാസികളെ മുറിവേൽപ്പിച്ചു. അതിൽ വേദന കൊണ്ട് പാട്ടെഴുതിയ കലാകാരനെ ഉപദ്രവിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു
മുഖ്യമന്ത്രി മുതൽ താഴോട്ട് എല്ലാവരും അഴിമതിയിൽ മുങ്ങിക്കിടക്കുകയാണ്. നവ സമ്പന്നൻമാരായ ഒരു വർഗം ഉയർന്നുവന്നിരിക്കുന്നു. ഒരു പുത്തൻ ധനിക വർഗം സിപിഎമ്മിനെ ഒന്നാകെ നിയന്ത്രിക്കുന്നു. സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റ് സമ്പൂർണ പരാജയമായി. ലോകത്തിന് മാതൃകയായ ആരോഗ്യരംഗം ക്ഷയിച്ചു. ഉന്നത വിദ്യാഭ്യാസം പൂർണ പരാജയമായി മാറി.
ക്രമസമാധാനം തകർന്നു. കുറ്റവാളികൾ വിഹരിക്കുകയാണ്. 197ന് ശേഷം ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. എല്ലാ മേഖലയെയും ക്ഷയിപ്പിക്കുന്നതാണ് പത്ത് വർഷത്തെ ഭരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.



