രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്; ബീച്ചിൽ യുഡിഎഫിന്റെ മഹാറാലിയിൽ പങ്കെടുക്കും

യുഡിഎഫിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് 4.30ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഹാറാലിയിൽ രാഹുൽ പങ്കെടുക്കും. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡ് രാഹുൽ അവതരിപ്പിക്കും. യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിന് തയ്യാറാക്കിയ ബസും രാഹുൽ ഫ്‌ളാഗ് ഓഫ് ചെയ്യും. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം കോഴിക്കോട്ടെ വേദിയിലെത്തും.
മഹാറാലിക്ക് ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രത്യേക ബസിലാണ് രാഹുൽ മടങ്ങുക. ഫുട്‌ബോൾ താരങ്ങൾ, തൊഴിലുറപ്പ് വനിതകൾ, വനിതാ ബസ് ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ ആറ് മേഖലകളിൽ നിന്നുള്ള വ്യക്തികളും കോൺഗ്രസ് നേതാക്കളും ബസിൽ രാഹുലിനൊപ്പം വിമാനത്താവളം വരെ യാത്ര ചെയ്യും



