Kerala

ക്ഷണിച്ചത് ഫേസ്ബുക്ക് സംവാദത്തിന്; തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നേരിട്ടുള്ള സംവാദത്തിനല്ല ഫേസ്ബുക്ക് സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള ഉന്നയിച്ച് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ പാരഡി പാട്ട് പാടിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വർണം കട്ടവർ എങ്ങനെയാണ് വീട്ടിലെത്തിയതെന്ന് നോക്കിയാൽ നന്നാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേമത്ത് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന് പുറത്തുള്ള ആരുടേയും പിന്തുണ തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകള്‍ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞു.

‘എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ത്ഥിച്ചില്ല. നേമത്തെ പ്രത്യേക സാഹര്യം കൂടി കണക്കിലെടുക്കണം. 2016ല്‍ ബിജെപിക്ക് സൗകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. 2021ല്‍ തുറന്ന അക്കൗണ്ട് പൂട്ടിച്ചു. ബിജെപി ജയിച്ചു കൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. ബിജെപിയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് കണ്ടപ്പോള്‍ ഞങ്ങളോട് യോജിപ്പോ സഹകരണമോ ഇല്ലാത്ത ചിലര്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് വോട്ടുചെയ്തിട്ടുണ്ടാകും. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി കക്ഷികളുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലയാളുകള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍, എല്‍ഡിഎഫാണ് ബിജെപിയെ നേരിടാന്‍ ശരിയായ രീതിയില്‍ മുന്നിട്ടിറങ്ങിയത് എന്ന് വരുമ്പോള്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടാകും. അത് ഏതെങ്കിലും സഹായത്തിന്റെയോ ധാരണയുടെയോ ഭാഗമല്ല’, മുഖ്യമന്ത്രി പറഞ്ഞു.

എഫ്‌സിആര്‍എ വല്ലാത്ത ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. എന്നാല്‍ അതല്ല കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഒരു വിഭാഗത്തില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. എല്ലാവരെയും ചേര്‍ത്തുപിടിച്ചാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണക്ക് കൊടുക്കാന്‍ വൈകിയാല്‍ സ്ഥാപനം പിടിച്ചെടുക്കുന്ന നിലയിലേക്ക് പോയാല്‍ എന്താവും സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

See also  ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

Related Articles

Back to top button