Kerala

‘ആരെയും സംരക്ഷിക്കില്ല, പരാതിയിൽ വസ്തുതയുണ്ട്’; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ലഭിച്ചിട്ടില്ല. സിനിമ സെറ്റില്‍ വെച്ച് നടന്ന സംഭവത്തിന്‍മേലുള്ള പരാതിയാണ് ലഭിച്ചത്. മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പരാതിയില്‍ വസ്തുത ഉണ്ട് എന്നതിനാലാണ് റിമാന്‍ഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സിനിമാ നയം കേരളത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. നയം ക്യാബിനറ്റ് അംഗീകരിച്ചു. സിനിമ സെറ്റുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. അടുത്ത സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്ക് കടക്കും. സിനിമാ സെറ്റുകളില്‍ പല സംഭവങ്ങള്‍ നടന്നതിനാല്‍ ആണ്
സിനിമാ നയം കൊണ്ടുവന്നത്. ആ നയം തുടരുന്നു എന്നതാണ് ഈ അറസ്റ്റ് സൂചിപ്പിക്കുന്നത്. ഇരയോടൊപ്പമാണ് സര്‍ക്കാര്‍. ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് ഒരാളെ എടുക്കുമ്പോള്‍ ആ രംഗത്തെ അയാളുടെ കഴിവാണ് നോക്കുന്നത്. സിനിമ രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് രഞ്ജിത്തിനെ ചെയര്‍മാന്‍ ആക്കിയത്. നല്ല രീതിയില്‍ രഞ്ജിത്ത് അക്കാദമി മുന്നോട്ടുകൊണ്ടുപോയി. അതിനിടെയാണ് പരാതികള്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാതി ഗുരുതരമായാണ് കാണുന്നത്. ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍ ആ സ്ഥാപനത്തിന്റെ തലയില്‍ വെക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്തിനെതിരെ പരാതി വന്നപ്പോള്‍ തന്നെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചുവെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. അന്നും ഇരയോടൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. എത്ര ഉന്നതനായാലും പരാതി വന്നാല്‍ നിയമനടപടി സ്വീകരിക്കും. ആര് എന്നുള്ള ചോദ്യങ്ങള്‍ ഒന്നുമില്ല. പരാതിയില്‍ വസ്തുത ഉള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്

ആരുടെയും സംരക്ഷണം ആര്‍ക്കും ഉണ്ടാകില്ല. നയം വരുന്നതിന് മുമ്പ് മോശമായ രീതിയില്‍ സെറ്റുകളില്‍ വനിതകളോട് പെരുമാറുന്നത് പതിവായിരുന്നു. ഇപ്പോള്‍ ആക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുക്കും. നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കും തുല്യ പരിഗണന ഉണ്ടാകും. പരാതി കൊടുക്കാനുള്ളവര്‍ക്ക് പരാതി കൊടുക്കാം. പരാതിയില്‍ ഉറച്ച് നില്‍ക്കണം. വ്യക്തിപരമായി ആരെയെങ്കിലും കൈകാര്യം ചെയ്യാന്‍ പരാതി നല്‍കരുത്. പരിശോധിച്ച് പരാതിയില്‍ വസ്തുത ഉണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

See also  എറണാകുളം പോണേക്കരയിൽ ആറ് വയസുകാരിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button