Kerala

മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് അതിജീവിത; കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്; കാളിരാജ് മഹേഷ് കുമാര്‍

സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്നും കമ്മീഷണര്‍ പറഞ്ഞു.

‘ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയും. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. അവരാണ് സമാധാനപ്പെടുത്തി വിട്ടത്. അതിജീവിത മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. ഷോക്കായിരുന്നു. കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്. കരഞ്ഞുകൊണ്ടാണ് ഇവിടെ വന്നത്. വലിയ ആളാണ് എതിരെ നില്‍ക്കുന്നത് എന്നതായിരുന്നു പെണ്‍കുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി’ കാളിരാജ് മഹേഷ് കുമാര്‍ വിശദീകരിച്ചു.

നേരത്തെയും ഇത്തരം രണ്ട് കേസുകള്‍ പ്രതിക്കെതിരെ ഉണ്ടായിരുന്നു. രണ്ട് ദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നു. സെന്‍സിറ്റീവ് ആയ കേസ് ആയതിനാല്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് നേരെ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുത്. പ്രത്യേകിച്ചും ജോലിസ്ഥലത്തെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. നടി ഐസിസിക്ക് പരാതിപ്പെട്ടോ എന്നതടക്കം രഹസ്യാത്മകയാണ്. തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തുടര്‍ന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുന്നത് ശനിയാഴ്ച്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

See also  രണ്ട് വൻകിട റെയിൽ പദ്ധതികൾക്ക് കേന്ദ്രം അംഗീകാരം നൽകി; കേരളത്തിനുള്ള സമ്മാനമെന്ന് സുരേഷ് ഗോപി

Related Articles

Back to top button