Kerala

എഫ്‌സിആർഎ ഭേദഗതി അതീവ ഗൗരവതരം; പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കാന്തപുരം

കോഴിക്കോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി അതീവ ഗൗരവമുള്ള വിഷയമാണെന്നും വിഷയം സമസ്ത പഠിച്ചുവരികയാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്‌സിആർഎ വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തിയ ശേഷം മാത്രമേ സമസ്ത ഔദ്യോഗികമായി പ്രതികരിക്കുകയുള്ളൂ. വിഷയം ശരിയായി പഠിക്കാതെ നിലപാട് വ്യക്തമാക്കുന്നത് അബദ്ധങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ വിവാദ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ രംഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ നിയമം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്ന് വിവിധ നേതാക്കൾ ഇതിനകം വിമർശിച്ചിട്ടുണ്ട്. ജനാധിപത്യ രാജ്യത്ത് സുതാര്യതയില്ലാതെ കേന്ദ്ര സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി പാർലമെന്റിൽ ആരോപിച്ചു. ക്രൈസ്തവ ലേബലിൽ മന്ത്രിയായ ജോർജ് കുര്യൻ വിഷയത്തിൽ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുന്നതെന്നും അവർക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകേണ്ട സർക്കാർ ഒരു വിഭാഗത്തെ മാറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിദേശ ഫണ്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share this
story

See also  പെൺകുഞ്ഞും അച്ഛനും ജീവനൊടുക്കിയ കേസ്; കുഞ്ഞ് പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

Related Articles

Back to top button