മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ മാത്യു കുഴൽനാടൻ

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമെന്നും ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണെന്നും ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മാത്യു കുഴല്‍നാടന്റെ ആരോപണം. കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ മുന്‍മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.
തോട്ടപ്പള്ളി സ്പില്‍വേ ഒരു മാസം മുന്‍പേ തുറക്കേണ്ടിയിരുന്നതാണെന്നും എന്തുകൊണ്ട് തുറന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ അനുമതി കൊടുത്തില്ല . അത് തുറന്നാല്‍ അതിന്റെ താഴെയുള്ള കാര്യമണല്‍ ഒലിച്ചു പോകും. ആ മണല്‍ കരാര്‍ എടുത്തത് മേരി മാതാ എന്ന കരാര്‍ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാര്‍ നല്‍കിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വില്‍ക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. കോടികളുടെ ഇടപാടാണ് നടന്നതെന്നും ആരും പുണ്യാളന്‍ ചമയേണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മണിയാറില്‍ നിന്ന് വൈദ്യതി കരാര്‍ എടുത്തത് സ്വകാര്യ കമ്പനിയാണെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് വേണ്ടി അണക്കെട്ടില്‍ വെള്ളം നിറക്കാന്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്‍കി. ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സൂയിസൈഡ് വാല്‍വ് തുറന്നു. ഇതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പ്രളയത്തിന് കാരണം. വൈദ്യുതി കരാറെടുത്ത കാര്‍ബുറാണ്ടം എന്ന കമ്പനിക്ക് 8 കോടി കിട്ടിയെന്നും മാത്യു ആരോപിച്ചു.



