പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ

സെക്രട്ടേറിയറ്റിൽ ഇരിക്കുന്നവൻമാരെ സംരക്ഷിക്കാൻ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ അമതാധികാരം പ്രയോഗിച്ചാൽ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലി. ഇന്നലെ കാട്ടിയത് അമിതാധികാരമാണ്. അങ്ങനെ അധികാരമൊന്നും പോലീസിന് ആരും നൽകിയിട്ടില്ല.
മുകളിൽ ഇരിക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ത ഒരാൾ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അങ്കിൾ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തൻ ചിലതൊക്കെ ചെയ്തത്. അപകടത്തിൽപ്പെട്ടാൽ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാനെന്ന ഓർമ ഈ ഉദ്യോഗസ്ഥർക്കുണ്ടെങ്കിൽ നല്ലത്. സ്‌കോട്ലൻഡ് യാർഡിനെ വെല്ലുന്ന പോലീസിനെയാണ് ഏറാൻമൂളികളുടെ സംഘമാക്കി മാറ്റിയത്.
ഒരുത്തൻ എം.എൽ.എയുടെ കാല് പിടിക്കുകയും മറ്റ് എസ്.പിമാരെ കുറിച്ച് അസഭ്യം പറയുകയുമാണ്. എ.ഡി.ജി.പി സ്വർണക്കടത്തുകാരനും കള്ളനുമാണെന്ന് പറഞ്ഞവനെ സസ്പെൻഡ് ചെയ്യാൻ നാല് ദിവസമെടുത്തു. നല്ല പോലീസുകാരെ കൂടി പറയിപ്പിക്കാൻ ചിലർ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതിനേക്കാൾ വലിയ സമരമുണ്ടാകും. തല്ലിയൊതുക്കാമെന്ന് കരുതേണ്ട.
The post പോലീസ് അമിതാധികാരം കാണിച്ചാൽ വെറുതെ വിടില്ല; ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന് വിഡി സതീശൻ appeared first on Metro Journal Online.