കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും മധ്യപ്രദേശ് ഖര്‍ഗോണിലെ വനിത എസ്‌ഐയെ അറിയിച്ചത്.
കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
പിന്നീടാണ് ഫര്‍മാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആധാറും പാന്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയതെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹം നടന്നതില്‍ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.
കേസിൽ ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.



