Kerala

മുരളി കുന്നുംപുറത്തിനെതിരേ സുമതി വളവ് ടീം

നിർമാതാവ് മുരളി കുന്നുംപുറത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി സുമതി വളവ് സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയ്ക്ക് പത്ത് കോടിക്കു മുകളിൽ ബജറ്റാകുമെന്ന് ആദ്യമേ അറിയിച്ചിരുന്നു. കൈയിൽ പൈസയില്ലാതെയാണ് മുരളി സിനിമ നിർമിക്കാൻ ഇറങ്ങിയത് എന്നാണ് അഭിലാഷ് പള്ള പറയുന്നത്. അതിനിടെ നടൻ ഉണ്ണി മുകുന്ദനാണ് വിവാദങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അഭിലാഷും ചിത്രത്തിന്‍റെ സംവിധായകനായ വിഷ്ണു ശശിശങ്കറും ആരോപിച്ചു.

വിവാദങ്ങൾക്ക് പിന്നിൽ ഉണ്ണി മുകുന്ദനാണോ എന്ന ചോദ്യത്തിന് ‘ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ, പിന്നിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്’ എന്നാണ് വിഷ്ണു പറഞ്ഞത്. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് അഭിലാഷ് പിള്ള പറഞ്ഞത്. മാളികപ്പുറം ഉണ്ണി മുകുന്ദനാണ് സംവിധാനംചെയ്തത് എന്ന വാർത്ത കണ്ട് താൻ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങൾ ഒക്കെയും അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങൾ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെൻഡ് എങ്ങനെ വന്നുവെന്ന് അറിയില്ല. മാളികപ്പുറം ഇറങ്ങിയ സമയംമുതൽ താനാണ് ചിത്രം സംവിധാനംചെയ്തതെന്ന് ഉണ്ണി മുകുന്ദൻ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞു നടന്നിരുന്നുവെന്നും അഭിലാഷ് പിള്ള പറഞ്ഞു. മാളികപ്പുറം സിനിമ സംവിധാനം ചെയ്തത് വിഷ്ണുവല്ല ഉണ്ണി മുകുന്ദനാണ് എന്ന മുരളി കുന്നുംപുറത്തിന്‍റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.

‘സുമതി വളവി’ന് പത്തുകോടിയോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്നു. തുടക്കത്തിൽ നാലുകോടിയോളം കൈയിലുണ്ടെന്ന് പറഞ്ഞ മുരളി കുന്നുംപുറത്ത്, ഷൂട്ടിങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ തന്റെ കൈയിൽ 25 ലക്ഷം രൂപമാത്രമേയുള്ളൂവെന്ന് പറഞ്ഞുവെന്നും അഭിലാഷ് പിള്ള ആരോപിച്ചു. മുരളിയോടൊപ്പം ചിത്രം ചെയ്യരുതെന്ന് തങ്ങളെ പലരും വിലക്കിയിരുന്നെന്നും അഭിലാഷ് പിള്ള അവകാശപ്പെട്ടു.

See also  ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ, മർദിച്ചത് അജാസ് എന്ന് സൂചന

Related Articles

Back to top button