കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്താണ് പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. ചികിത്സയില്‍ ഉദാസീനത കാണിച്ചു. ചികിത്സ പിഴവുകള്‍ മറച്ചുവെച്ചു. ഇമ്മ്യുണോഗ്ലോബില്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി പാലിച്ചില്ല. ഡ്യൂട്ടി ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന ഇടപെടല്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായി – എന്നെല്ലാമാണ് എഫ്‌ഐആറിലെ പരാമര്‍ശം.
വിശദമായ അന്വേഷണത്തിന് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2025 മെയ് മാസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു നിയ ഫൈസല്‍ മരിച്ചത്. വിധി മകള്‍ക്ക് അനുകൂലമായതില്‍ സന്തോഷമെന്ന് നിയയുടെ അമ്മ പ്രതികരിച്ചു.



