Kerala

അഞ്ച് വർഷത്തേക്ക് സിനിമയും സ്റ്റേജ് ഷോയും ‌ചെയ്യില്ല; ഇനിയുള്ള ജീവിതം പാലക്കാടിനു വേണ്ടി മാത്രം: രമേഷ് പിഷാരടി

കോൺഗ്രസ് സ്ഥാനാർഥിയായി പാലക്കാട്ടു നിന്നു വിജയിച്ച് നിയമസഭയിലേക്കു പോകുന്ന നടനും സംവിധായകനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടി 5 വർഷത്തേക്ക് കലാജീവിതം വിടുന്നു. ഇനിയുള്ള ജീവിതം പാലക്കാടിനു വേണ്ടി മാത്രമാകുമെന്നാണ് പിഷാരടിയുടെ പ്രഖ്യാപനം.

സ്ഥാനാർഥിയായപ്പോൾ തന്നെ ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു. “”ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്‍റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർധവിരാമം” എന്നായിരുന്നു പിഷാരടി അന്ന് കുറിച്ചത്.

ജയിച്ച ശേഷം ഇതു സംബന്ധിച്ച സൂചന സംവിധായകനും നടനുമായ നാദിർഷയ്ക്കു നൽകിയ അഭിമുഖത്തിലും അദ്ദേഹം നൽകി. “”സിനിമയിലെ ഏതെങ്കിലും മേഖലയിൽ ഞാൻ ഒഴിച്ചുകൂടാനാകാത്ത ആളാണെന്നു ചിന്തിക്കുന്നില്ല. അതുകൊണ്ടു തന്നെ സിനിമയ്ക്കു വലിയ നഷ്ടമൊന്നും ഉണ്ടാകില്ല. സിനിമയ്ക്കു നഷ്ടമാണോ നേട്ടമാണോ എന്നത് ഞാൻ ഉത്തരം പറയേണ്ടതല്ല. എല്ലാവരും വിചാരിക്കുന്നത്ര സിനിമകൾ എനിക്കില്ല എന്നതാണ് മറ്റൊരു കാര്യം”– പിഷാരടി പറഞ്ഞു.

സിനിമയ്ക്കു പുറമെ സ്റ്റേജ് ഷോയും ഉപേക്ഷിച്ചു. ഇനി 5 വർഷം പൂർണ രാഷ്‌ട്രീയക്കാരനും പൊതു പ്രവർത്തകനുമായി പാലക്കാട് മണ്ഡലത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം.

അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. സലിം കുമാറിന്‍റെ “കൊച്ചിൻ സ്റ്റാലിയൻസ് ‘ എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് ധർമജൻ ബോൾഗാട്ടിക്കൊപ്പം ചേർന്ന് ഹാസ്യപരിപാടികൾ അവതരിപ്പിച്ചു. 2008ൽ “പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയത്തിൽ തുടക്കം കുറിച്ചു. പിന്നീട് “പഞ്ചവർണ തത്ത’, “ഗാനഗന്ധർവൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. പാലക്കാട്ട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനെ 12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു പിഷാരടി പരാജയപ്പെടുത്തിയത്.

See also  എന്റെ സഹോദരാ എനിക്ക് പരിഭവമില്ല; സൈബർ അധിക്ഷേപം നടത്തിയ അസ്ലം മുഹമ്മദിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് ലിന്റോ ജോസഫ്

Related Articles

Back to top button