Kerala

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയ്ക്കായി അടിനടക്കുന്ന കോൺഗ്രസിൽ ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശന്. ഘടകകക്ഷി നേതാക്കളുമായി പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കെ.സി വേണുഗോപാൽ പക്ഷം മുഖ്യമന്ത്രിയാകാൻ അവകാശ വാദം ഉന്നയിച്ചതിനിടെയാണ് ഘടകകക്ഷി നേതാക്കൾ വി.ഡി.സതീശന് പിന്തുണ അറിയിച്ചത്.യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍റെ പേര് എഐസിസി നിരീക്ഷകരെ നേരിട്ട് അറിയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എംപി എന്നിവരടക്കമെത്തിയാണ് പിന്തുണ അറിയിച്ചത്. മുഖ്യമന്ത്രിയായി സിറ്റിങ് എംഎൽഎ വേണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചിട്ടുണ്ട്. പൊതുവികാരം കണക്കിലെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐസിസി നിരീക്ഷകരുമായി നടത്തിയ ചർച്ചയിൽ ഇനി കോൺഗ്രസ് ഒരു തീരുമാനം എടുക്കട്ടെയെന്നാണ് യോഗത്തിന് ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രി തർക്കം പൊതുസമൂഹത്തിൽ അവ മതിപ്പുണ്ടാക്കുന്നതെന്ന് ആർഎസ്പി അറിയിച്ചു. ആർഎസ്പിയുടെ അഭിപ്രായവും നിരീക്ഷകരെ അറിയിച്ചു. ആരുടെയും പേര് പറഞ്ഞിട്ടില്ല. ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കും. എന്നാൽ ,ഗ്രൗണ്ട് റിയാലിറ്റി കോൺഗ്രസ് നേതൃത്വം മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വി.ഡി.സതീശനുള്ള പരോക്ഷ പിന്തുണ പരാമർശിച്ച് ആർഎസ്പി നേതാക്കൾ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എ ഐ സി സി നിരീക്ഷകരെ അറിയിച്ചത്. കേരളത്തിന്‍റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. എംഎൽഎ തന്നെ മുഖ്യമന്ത്രിയാകണം. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി.

ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെ.സി. വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ സതീശന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയായതോടെ മയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കെ.എം.ഷാജി എംഎല്‍എ സതീശന് അനുകൂലമായി പ്രസ്താവന നടത്തിയിരുന്നു. തന്‍റെ നിലപാട് നിരീക്ഷകരോട് വ്യക്തമാക്കിയെന്നും എന്നാല്‍ അത് പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പൊതുവായ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുസ്‌ലിം ലീഗ് വി.ഡി.സതീശനെ പരസ്യമായി പിന്തുണച്ചതില്‍ എതിര്‍പ്പുമായി കെ.സി. പക്ഷക്കാരനായ മാത്യു കുഴല്‍നാടന്‍ രംഗത്തുവന്നു. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണം. ഏറ്റവും നീതിയുക്തവും ജനാധിപത്യവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം. കുഴല്‍നാടന്‍റെ പ്രതികരണത്തിനു പിന്നാലെ അദ്ദേഹത്തിനെതിരേ കണ്ണൂരിലെ ഇരിക്കൂറില്‍ ഫ്ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കുഴല്‍നാടന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ടെന്നും വി.ഡി. സതീശന് അഭിവാദ്യം എന്നും രേഖപ്പെടുത്തിയ ബോര്‍ഡ് മുസ്ലിം യൂത്ത് ലീഗിന്‍റെ പേരിലാണ് പ്രത്യക്ഷപ്പെട്ടത്.സതീശന് പിന്തുണയുമായി കൊച്ചിയിലും ഇരിട്ടിയിലും പ്രകടനം നടത്തുന്നതിനും അണികള്‍ തയാറായി. വേണുഗോപാലിനുവേണ്ടി തലസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ സ്ഥാപിച്ചിരുന്നു.

See also  എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Related Articles

Back to top button