Kerala

മുന്ന് സീറ്റുള്ള ബിജെപിയിലും നേതൃത്വ തർക്കം; രാജീവ് ചന്ദ്രശേഖർ – വി. മുരളീധരൻ ഏറ്റുമുട്ടൽ

ബിജെപിക്ക് കേരള നിയമസഭയിലേക്ക് മൂന്നു പേരെയാണ് ജയിപ്പിക്കാൻ സാധിച്ചത്. പക്ഷേ, കോൺഗ്രസിന്‍റെ പാത പിന്തുടർന്ന് ഇവർക്കിടയിലും നേതൃത്വം തർക്കം രൂക്ഷമായെന്ന് റിപ്പോർട്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (നേമം), മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ (കഴക്കൂട്ടം), ബി.ബി. ഗോപകുമാർ (ചാത്തന്നൂർ) എന്നിവരാണ് ബിജെപിയുടെ നിയുക്ത എംഎൽഎമാർ. ഇതിൽ ആര് നിയമസഭാകക്ഷി നേതാവാകും എന്ന കാര്യത്തിൽ മുൻ കേന്ദ്രമന്ത്രിമാർ കൂടിയായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും തമ്മിലാണ് അവകാശത്തർക്കം.

പാർട്ടിക്കു സീറ്റില്ലാതിരുന്ന കേരളത്തിൽ മൂന്നു പേരെ ജയിപ്പിച്ചത് തന്‍റെ മികവാണെന്നാണ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ അവകാശപ്പെടുന്നത്. എന്നാൽ, ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയം കേരളത്തിലും പിന്തുടരണമെന്ന നിലപാടിലാണ് വി. മുരളീധരൻ. നിയമസഭയിൽ ചാറ്റ് ജിപിടി നോക്കി മറുപടി പറയേണ്ട അവസ്ഥ വി. മുരളീധരന് ഉണ്ടാകില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. രാജീവ് ചന്ദ്രശേഖറിന് മലയാളം പരിജ്ഞാനം കുറവാണെന്ന പരിഹാസമാണ് ഇവർ ഉന്നയിക്കുന്നത്.

കെ. സുരേന്ദ്രൻ അടക്കമുള്ള ചില മുതിർന്ന നേതാക്കൾ വി. മുരളീധരനെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നു. സുരേന്ദ്രനെ മാറ്റിയാണ് രാജീവിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയത്. അതേസമയം, എം.ടി. രമേശ് ഉൾപ്പെടെയുള്ളവർ രാജീവ് ചന്ദ്രശേഖറിനു പിന്നിൽ ഉറച്ചു നിൽക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജീവ് ചന്ദ്രശേഖർ വേർതിരിവ് കാണിച്ചു എന്ന ആരോപണവും അദ്ദേഹത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നുണ്ട്. നേമത്ത് പ്രചാരണത്തിന് ഒഴുക്കിയ പണത്തിന്‍റെ ചെറിയ പങ്ക് മാത്രമാണ് മറ്റു മണ്ഡലങ്ങളിൽ അനവദിച്ചതെന്നാണ് അവർ ആരോപിക്കുന്നത്.

പാർട്ടിക്ക് മൂന്ന് സീറ്റ് കിട്ടി എന്നത് വസ്തുതയാണെങ്കിലും, സംസ്ഥാനത്തെ വോട്ട് വിഹിതത്തിൽ 2021ലേതിനെ അപേക്ഷിച്ച് കാര്യമായ വർധനയുണ്ടായില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 11.3 ശതമാനം വോട്ടാണ് 2021ൽ പാർട്ടിക്കു കിട്ടിയത്. ഇത്തവണ ഇത് 11.42 ശതമാനം. ബിഡിജെഎസിനും ട്വന്‍റി20ക്കും സുപ്രധാന സീറ്റുകൾ വിട്ടുനൽകിയത് തന്ത്രപരമായ പരാജയമായിരുന്നു എന്നു വിശ്വസിക്കുന്ന നേതാക്കളും പാർട്ടിയിലുണ്ട്.

ഒ. രാജഗോപാൽ മുൻപ് ബിജെപി പ്രതിനിധിയായി നിയമസഭയിൽ എത്തിയിട്ടുണ്ടെങ്കിലും, അന്ന് ഏക അംഗം എന്ന നിലയിൽ പരിമിതികൾ ഏറെയായിരുന്നു. എന്നാൽ, ഇപ്പോൾ മൂന്നു പേരുള്ളതിനാൽ ചോദ്യോത്തരവേളയിൽ കൂടുതൽ സമയം ലഭിക്കും. ശൂന്യവേളയിൽ അടി‍യന്തര പ്രമേയത്തിനു നോട്ടീസ് നൽകാനും അവകാശമുണ്ടാകും. അടിയന്തര പ്രമേയത്തിന് ഒരംഗം നോട്ടീസ് നൽകുമ്പോൾ മറ്റൊരംഗം പിന്തുണയ്ക്കണം എന്നാണ് ചട്ടം.

ഈ സാഹചര്യത്തിൽ, ആര് നിയമസഭാ കക്ഷി നേതാവാകണമെന്ന കാര്യം വെള്ളിയാഴ്ച ചേരുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗവും ശനിയാഴ്ച ചേരുന്ന ഭാരവാഹി യോഗവും ചർച്ച ചെയ്യും. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

See also  ഫോൺ ചോർത്തൽ ആരോപണം: അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ

Related Articles

Back to top button