Kerala

അവരുടെ സർക്കാർ പെട്രോൾ വില കൂട്ടിയത് അവർ അറിഞ്ഞില്ലേ; മഹിളാ മോർച്ച പ്രതിഷേധത്തെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വൈകുന്നു എന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോര്‍ച്ച നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയുക്ത വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ മുരളീധരന്‍. ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുന്നേ തന്നെ മുറവിളിയാണ് എന്നാണ് മുരളീധരന്റെ പരിഹാസം. അവരുടെ സര്‍ക്കാര്‍ പെട്രോള്‍ വില കൂട്ടിയത് അവര്‍ അറിഞ്ഞില്ലേ എന്നും ഈ രാജ്യത്തല്ലേ അവര്‍ താമസിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. യുദ്ധത്തിന്റെ പേരില്‍ നാട്ടില്‍ ഹോട്ടലുകള്‍ അടയുകയാണെന്നും ഹോട്ടല്‍ ജീവനക്കാരും ഉടമകളും കഷ്ടത്തിലാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെയും കെ മുരളീധരന്‍ വിമര്‍ശിച്ചു. ‘യുദ്ധത്തിന്റെ പേരില്‍ നാട്ടില്‍ ഹോട്ടലുകള്‍ അടച്ചിടുകയാണ്. ഹോട്ടല്‍ ജീവനക്കാരും ഉടമകളും കഷ്ടത്തിലാണ്. അതിഥി തൊഴിലാളികള്‍ തിരികെ വന്നിട്ടില്ല. കേന്ദ്ര തീരുമാനം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ്. യുദ്ധത്തില്‍ രാജ്യത്തിന് വ്യക്തമായ നിലപാട് പോലുമില്ല. പണ്ട് ഇന്ത്യ എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കാതോര്‍ത്ത കാലമുണ്ട്. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ വില ഇടിഞ്ഞു. ഈ അവസ്ഥയ്ക്ക് കാരണം നരേന്ദ്രമോദിയുടെ നയങ്ങളാണ്’; കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന വിഹിതത്തില്‍ മാറ്റം വരുത്താമെന്ന നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ‘കേരളത്തിന്റെ ഖജനാവില്‍ പൂച്ച മാത്രമല്ല എല്ലാം പെറ്റുകിടക്കുകയാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുണ്ട്. ഇതിനൊക്കെ വലിയ സംഖ്യ ആവശ്യമാണ്. പിണറായിക്ക് നല്‍കിയ പകുതി പോലും കേന്ദ്രം നമുക്ക് നല്‍കില്ല. നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്’; കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം നടപ്പിലാക്കുന്നത് വൈകുന്നു എന്നാരോപിച്ചാണ് സംസ്ഥാന വ്യാപകമായി മഹിളാ മോര്‍ച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. കോഴിക്കോട്, കാസര്‍കോട് കെഎസ്ആര്‍ടിസി ടെര്‍മിനലുകളില്‍ മഹിളാ മോര്‍ച്ചയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ബസില്‍ കയറി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടില്ല. അതിനിടെയാണ് മഹിളാ മോര്‍ച്ചയുടെ സമരം. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്താല്‍ മാത്രമേ കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര വാഗ്ദാനം നടപ്പിലാക്കാനാകൂ.

See also  മദ്യ നികുതിയിളവിൽ വൻ വിവാദം; എൽഡിഎഫ് 3 വർഷം പൂഴ്ത്തിയ ഫയലിന് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകി യുഡിഎഫ് സർക്കാർ

Related Articles

Back to top button