തമ്പ്രാക്കന്മാരും അടിയാന്മാരുമെന്ന നിലപാട് തിരിച്ചടിയായി; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം: സിപിഎം ജില്ലാ യോഗങ്ങളിൽ വിമർശനം

കാസർകോട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം നേൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജില്ലാ ഘടകങ്ങള്‍. തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാടാണ് പാർട്ടിയിലെന്ന് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങൾ വിലയിരുത്തി.
നേരത്തെ, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനമുയർന്നിരുന്നു. പിണറായി വിജയന്‍റെയും എം.വി ഗോവിന്ദന്‍റേയും ശൈലിക്കും തീരുമാനങ്ങൾക്കുമെതിരെ യോഗത്തിൽ അംഗങ്ങൾ പരസ്യമായി അമർഷം രേഖപ്പെടുത്തി. ഭരണ-പാർട്ടി നേതൃത്വങ്ങളുടെ പോരായ്മകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം.
പാർട്ടി നേതാക്കളുടെ ശരീരഭാഷ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലാണെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നതെന്ന ആക്ഷേപവും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിയണമെന്നുമുള്ള ആവശ്യവും യോഗത്തിൽ ചർച്ചയായി.
കൂടാതെ, സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇറക്കിയത് വലിയ തെറ്റായ തീരുമാനമായിപ്പോയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എ.കെ. ബാലൻ നടത്തിയ ചില പരാമർശങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കാൻ കാരണമായതായും വിമർശനമുണ്ട്.
സംസ്ഥാന നേതൃത്വത്തിന് പുറമെ ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെയും കായംകുളം മുൻ എംഎൽഎ യു. പ്രതിഭയ്ക്കെതിരെയും യോഗത്തിൽ വിമർശനമുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണങ്ങൾ ഒട്ടും അനുചിതമായിരുന്നില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ പരാജയവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങളാണ് ജില്ലാ സെക്രട്ടറി പറഞ്ഞുണ്ടാക്കിയതെന്ന് യോഗം വിലയിരുത്തി. അതേസമയം, യു. പ്രതിഭയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ പാർട്ടിയെ മൊത്തത്തിൽ സംശയനിഴലിലാക്കുന്ന രീതിയിലായിരുന്നുവെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി



