Kerala

മന്ത്രിമാര്‍ക്ക് 13–ാം നമ്പര്‍ പേടി; ഒഴിവാക്കി

തിരുവനന്തപുരം: പുതിയതായി ചുമതലയേറ്റ വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരും 13-ാം നമ്പർ ഔദ്യോഗിക വാഹനം ഏറ്റെടുക്കാൻ തയാറല്ലെന്നു റിപ്പോർട്ട്. മന്ത്രിമാർക്കായി ടൂറിസം വകുപ്പ് അനുവദിച്ച വാഹനങ്ങളിൽ 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല.

മന്ത്രിമാരിൽ ആരെങ്കിലും ഈ വാഹനം ആവശ്യപ്പെട്ടില്ലെങ്കിൽ കാർ ടൂറിസം വകുപ്പ് തന്നെ തിരിച്ചെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരായ സന്ദേശം എന്ന നിലയിലാണ് പലപ്പോഴും മന്ത്രിമാർ ഈ നമ്പർ ചോദിച്ചു വാങ്ങാറുള്ളത്.

വി.എസ്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയും, ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പർ കാർ പ്രത്യേകം ചോദിച്ചു വാങ്ങിയിരുന്നു.

ഒന്നാം പിണറായി സർക്കാരിന്‍റെ തുടക്കത്തിൽ ഈ കാർ ഏറ്റെടുക്കാൻ ആരും തയാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അന്ന് തോമസ് ഐസക് ഈ വാഹനം ആവശ്യപ്പെട്ട് വാങ്ങിയത്. പുതിയ യുഡിഎഫ് സർക്കാരിൽ, ‘ദൈവനാമം’ ഒഴിവാക്കി ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും ഒക്കെ ചൊല്ലിയ മന്ത്രിമാർ പോലും 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ തയാറായിട്ടില്ല.

See also  എം.എൽ.എമാർ സജീവമാകണം; നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button