Kerala

കോഴിക്കോട് കാർ കത്തിയുണ്ടായ അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു: ദുരൂഹത തുടരുന്നു

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രിജിൻലാലും മരണത്തിന് കീഴടങ്ങി. അപകടം നടന്ന ദിവസം തന്നെ കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ ഭാര്യ സോന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. രിജിൻലാലിന്റെ മരണത്തോടെ അപകടത്തിന് പിന്നിലെ ദുരൂഹതകൾ വർദ്ധിക്കുകയാണ്.

​വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കക്കറമുക്ക് ജംക്‌ഷന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്. കാർ ഓടിച്ചിരുന്ന രിജിൻ ലാൽ സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. എന്നാൽ പിൻസീറ്റിലായിരുന്ന സോനയ്ക്ക് കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. കാറിന്റെ എൻജിന് കാര്യമായ കേടുപാടുകൾ സംഭവിക്കാതെ, ഉൾഭാഗം മാത്രം പൂർണ്ണമായി കത്തിനശിച്ചതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.

​കാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കpൻ കത്തിയാണ് തീപിടിത്തമുണ്ടായതെന്ന നിർണ്ണായക വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അപകടത്തിന് തൊട്ടുമുൻപ് പേരാമ്പ്ര-കോഴിക്കോട് റോഡിലെ പമ്പിൽ നിന്ന് സോന ഒറ്റയ്ക്ക് കാനിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ പെട്രോളിന്റെ മണമുണ്ടായെന്നും പെട്ടെന്ന് വലിയ ശബ്ദത്തോടെ തീ ആളിപ്പടരുകയുമായിരുന്നു എന്നുമാണ് മരണത്തിന് മുൻപ് രിജിൻലാൽ പൊലീസിന് നൽകിയ മൊഴി.

​അതേസമയം സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇതിനിടയിൽ രിജിൻ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതും, തുടർന്നുണ്ടായ മാനസികവിഷമങ്ങളും കുടുംബം പങ്കുവെച്ചു. വിവാഹശേഷവും സോനയ്ക്ക് ഭർതൃവീട്ടിൽ കടുത്ത മാനസിക പീഡനങ്ങളും പട്ടിണിയും നേരിടേണ്ടി വന്നിരുന്നതായി സോനയുടെ അമ്മ ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

See also  കുഞ്ഞു നിധി സ്വന്തം നാട്ടിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറും

Related Articles

Back to top button