Kerala

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; സർക്കാരിന്‍റെ ശുപാർശ അംഗീകരിച്ചു, പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് കനത്ത ആശ്വാസമേകി വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ന് ചേർന്ന പി.എസ്.സി യോഗത്തിലാണ് വി.ഡി. സതീശൻ സർക്കാരിന്റെ നിർണ്ണായക ശുപാർശയ്ക്ക് ഭരണഘടനാപരമായ അംഗീകാരം നൽകിയത്.

​പുതിയ തീരുമാനപ്രകാരം 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന വിവിധ തസ്തികകളിലെ റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടി നൽകിയിരിക്കുന്നത്. പി.എസ്.സിയുടെ ഈ പ്രത്യേക ഉത്തരവിലൂടെ സംസ്ഥാനത്തെ 289 റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടിക്കിട്ടുന്നത്.

​തിരഞ്ഞെടുപ്പ് അടക്കം പലവിധ കാരണങ്ങളാല്‍ നിയമനം വൈകുന്നതിനെത്തുടര്‍ന്ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാർത്ഥികളുടെ ഭാഗത്തുനിന്ന് വലിയ ആവശ്യമുയർന്നിരുന്നു. അധികാരമേറ്റ ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിക്കുകയും ഇത് സംബന്ധിച്ച ശുപാർശ പിഎസ്‌സിക്ക് കൈമാറുകയും ചെയ്തിരുന്നു.

കോളജ് അസിസ്റ്റന്‍റ് പ്രൊഫസർ, പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ്, ഫിഷറീസ് അസിസ്റ്റന്‍റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്‍റ് സെയിൽസ്മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങിയ ജില്ലാതല റാങ്ക് പട്ടികകൾക്കും അധിക കാലാവധി ലഭിക്കും.

See also  കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത: നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Related Articles

Back to top button