വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 19-കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ വെന്റിലേറ്ററിലൂടെ പുറത്തേക്കെറിഞ്ഞു

ഹരിപ്പാട്: വയറുവേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 19 വയസ്സുകാരിയായ അവിവാഹിത ശുചിമുറിയിൽ പ്രസവിച്ചു. പ്രസവിച്ചയുടൻ നവജാതശിശുവിനെ യുവതി ശുചിമുറിയുടെ വെന്റിലേറ്റർ (ജനൽ) വഴിയുള്ള വിടവിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
തീവ്രമായ വയറുവേദനയുമായാണ് അവിവാഹിതയായ യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. യുവതി ഗർഭിണിയാണെന്ന വിവരം കൂടെയുണ്ടായിരുന്നവർക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിയ ശേഷം ശുചിമുറിയിൽ കയറിയ യുവതി അവിടെവച്ച് പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് പിന്നാലെ പരിഭ്രാന്തിയിലായ യുവതി ആരുമറിയാതിരിക്കാൻ കുഞ്ഞിനെ ജനൽ വഴി പുറത്തേക്ക് എറിയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ശുചിമുറിയിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നത് കുഞ്ഞിൻ്റെ കരച്ചിലും ശ്രദ്ധയിൽപ്പെട്ട ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ജനലിന് പുറത്ത് താഴെ വീണുകിടക്കുന്ന നിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്.നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാത്രി 9 മണിയോടെയാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. ആര്‍ത്തവ വേദനയാണ് എന്നാണ് പറഞ്ഞത്. പക്ഷെ വല്ലാത്ത വേദനയുളളതായി കണ്ടു. പെയിന്‍ കില്ലര്‍ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ പെണ്‍കുട്ടി പരിശോധിക്കാന്‍ അനുവദിച്ചില്ല. നിരീക്ഷണത്തിലായിരുന്നു. രാത്രി 12 മണിയോടെ ബാത്ത്‌റൂമില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ചെന്ന് പരിശോധിച്ചപ്പോള്‍ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല.



