രാഷ്ട്രീയ വേട്ടയാടൽ; പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് ജനകീയ പ്രതിരോധമാക്കി മാറ്റി യുഡിഎഫ് സർക്കാരിനെതിരെ തിരിയാൻ സിപിഎം

തിരുവനന്തപുരം: പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിനെ വിവിധ തലങ്ങളിൽ രാഷ്ട്രീയ വിഷയമാക്കി ഉയർത്താൻ സിപിഎം തീരുമാനം. പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുൽഗാന്ധിയുടെ നേരത്തെയുള്ള ചോദ്യവും, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നടന്ന റെയ്‌ഡും ചേർത്ത് കോൺഗ്രസിനെ ലക്ഷ്യം വെച്ച് പ്രചരണം നടത്താനാണ് സിപിഎം നീക്കം. പിണറായി വിജയനെ കേസിന്റെ ഭാഗമാക്കിയാൽ പാർട്ടി നിയമപരമായി നേരിടും,അല്ലെങ്കിൽ ടി. വീണാ നേരിടട്ടെ എന്ന നിലപാടിലാണ് സിപിഎം നേതൃത്വം
സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ ധാരണയുണ്ടെന്നും,പിണറായി വിജയനും ആയിട്ടുള്ള ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലാവലിൻ കേസ് അപ്പീൽ സുപ്രീം കോടതി പരിഗണിക്കാതിരിക്കുന്നതെന്നും, മാസപ്പടിക്കസിലെ എസ്എഫ്ഐഒ അന്വേഷണം വഴിയിൽ നിന്നതും എന്നുമെല്ലാമായിരിന്നു പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫിന്റെ പ്രചരണം. അധികാരത്തിൽനിന്ന് പിണറായി വിജയൻ പുറത്തുപോയതിന് പിന്നാലെ എട്ടര മണിക്കൂറോളം അദ്ദേഹത്തിൻറെ വീട്ടിൽ റെയ്ഡ് നടത്തിയത് രാഷ്ട്രീയ വിഷയം ആക്കി യുഡിഎഫിനെതിരെ തിരിച്ചടിക്കാൻ ആണ് സിപിഎമ്മിന്റെ തീരുമാനം. യുഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപിച്ചതുപോലെ ഉണ്ടെങ്കിൽ പിണറായി വിജയൻ്റെ രണ്ട് വീടുകളിലും,മകളുടെ ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ വീട്ടിലും ഇഡി എങ്ങനെ റെയ്ഡ് നടത്തുമെന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്. സിപിഎം ബിജെപി ഡീൽ എന്നത് തിരിച്ച് യുഡിഎഫിന് നേരെ പോയിൻറ് ബ്ലാങ്കിൽ ഷൂട്ട് ചെയ്യുകയാണ് സിപിഎം. മുഖ്യമന്ത്രിസ്ഥാനം ഏറ്റ് എടുത്ത് ആദ്യമായി നരേന്ദ്രമോദിയെ വി.ഡി സതീശൻ കണ്ടതിനു പിന്നാലെ നടന്ന റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റാൻ തന്നെയാണ് സിപിഎമ്മിന്റെ നീക്കം.
ഇഡി സംഘത്തിന് നേരെ ഇന്നലെ ആക്രമം ഉണ്ടായതോടെ അവരുടെ തുടർനടപടികൾ സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. വീണയെ നോട്ടീസ് നൽകി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തുമോ എന്നതാണ് സിപിഎം ഉറ്റുനോക്കുന്നത്. അതിനൊപ്പം പ്രമുഖ വ്യക്തിയുടെ മകൾ ആയതുകൊണ്ടാണ് സിഎംആർഎൽ, ടി. വീണയ്ക്ക് പണം നൽകിയതെന്ന ആദായനികുതി വകുപ്പ് സെറ്റിൽമെൻറ് ബോർഡിൻ്റെ ഉത്തരവിലെ പരാമർശം ആയുധമാക്കി ,പിണറായിയെ ലക്ഷ്യം വെച്ച് ഇഡി പണി തുടങ്ങുമോ എന്നതും പ്രധാനപ്പെട്ടതായി പാർട്ടി കാണുന്നുണ്ട്. പിണറായി വിജയനെ ലക്ഷ്യം വെച്ച് നീങ്ങിയാൽ പാർട്ടി തന്നെ നിയമപരമായ നടപടിക്ക് നേതൃത്വം നൽകും. അല്ലെങ്കിൽ ടി. വീണ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ എന്ന നിലപാടിലാണ് നേതൃത്വം ഉള്ളത്. എന്തായാലും ഹണിമൂൺ പിരീഡിൽ തന്നെ യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള വിഷയം കിട്ടിയത് കൊണ്ട് അതിൽ പിടിച്ചു മുന്നോട്ടുപോകാനാണ് സിപിഎമ്മിന്റെ നീക്കം.



