അതിവേഗ റെയിൽപ്പാത; കെ-റെയിലിന് പകരം പുതിയ പദ്ധതിയുമായി സർക്കാർ: ഇ. ശ്രീധരനുമായി കൈകോർക്കുന്നു

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും മെട്രോമാൻ ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് ഇ.ശ്രീധരന് മുഖ്യമന്ത്രിക്ക് കൈമാറി.
വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതി. അതിനാൽ പദ്ധതിയോട് അനുകൂലമായിട്ടാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി എംഎല്‍എ കെ.പി.നൗഷാദലി ഇ.ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് സെക്രട്ടേറിയറ്റിൽ വിശദമായ ചർച്ച നടന്നത്. നേരത്തെ തന്നെ പുതിയ അതിവേഗ പാതയെന്ന നിർദേശം ശ്രീധരൻ മുന്നോട്ടുവച്ചിരുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത.



