എല്ലുകള്‍ക്ക് ഒടിവ്: ശരീരത്തിലാകെ 51 മുറിവുകള്‍: നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരതയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അര്‍ഷിദ് നേരിട്ടത് കൊടും ക്രൂരതയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയില്‍ പലതും പഴയ മുറിവുകളാണ്. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ഒടിവും കണ്ടെത്തി. ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളുണ്ട്. ആന്തികാവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ അമ്മയുടെ പങ്കാളി അഷ്‌കര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.
ചുള്ളിമാനൂര്‍ പറക്കുളി സ്വദേശിയായ അഖിലായിരുന്നു അഖിലയെ ആദ്യം വിവാഹം കഴിച്ചത്. രണ്ട് വര്‍ഷം മുന്‍പ് അഖില്‍ മരണപ്പെട്ടു. ആ സമയം അഖില ഗര്‍ഭിണിയായിരുന്നു. ഭര്‍തൃ വീട്ടുകാരുമായി സമഹകരണം കുറവായിരുന്ന അഖില, കുഞ്ഞ് ജനിച്ച ശേഷം മാറി താമസിച്ചു. ഇതിനിടെയാണ് അഷ്‌കറിനെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. ആറ് മാസമായപ്പോള്‍ കുഞ്ഞിനെ അഖില തന്റെ അമ്മ റീനയെ ഏല്‍പ്പിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന റീനയ്ക്ക് കുഞ്ഞിനെ വേണ്ടവിധം നോക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് റീനയും അഖിലയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഒടുവില്‍ കുഞ്ഞുമായി റീന നെടുമങ്ങാട് പൊലീസില്‍ എത്തുകയും അഖിലയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അഖിലയെ വിളിപ്പിക്കുകയും കുഞ്ഞിനെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുന്നുവെന്ന വിവരം പുറത്തുവന്നെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല.
രണ്ടാഴ്ച മുന്‍പ് കുഞ്ഞിന്റെ കൈകള്‍ മര്‍ദ്ദനമേറ്റ് ഒടിഞ്ഞതായി അറിഞ്ഞ അഖിലിന്റെ പിതാവ് സുനില്‍ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നായിരുന്നു അഖിലിന്റെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അഖില തയ്യാറായില്ല. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന സമവായ ചര്‍ച്ചയില്‍ കുഞ്ഞിനെ അഖിലിന്റെ കുടുംബത്തിന് വിട്ടുനല്‍കാന്‍ തീരുമാനമായിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് മരിക്കുന്നത്.



