Kerala

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണ ഹർജി കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. ഹർജി പിന്നീട് മറ്റൊരു ബെഞ്ച് പരിഗണിക്കും.

​കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടെന്നും ഇതിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നുമാണ് അതിജീവിതയുടെ ആരോപണം. ഈ ചോർച്ചയെക്കുറിച്ച് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്നും, വിചാരണ അട്ടിമറിക്കാൻ ശ്രമം നടന്നതായും ചൂണ്ടിക്കാണിച്ചാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

​പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് കോടതിയുടെ മേൽനോട്ടത്തിൽ കൃത്യമായ പുനരന്വേഷണം വേണമെന്നും, ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് സൈബർ-ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷിക്കണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത പുതിയ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി കേസിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്.

See also  കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു, യുവാക്കൾക്ക് ഗുരുതര പരുക്ക്

Related Articles

Back to top button