Kerala

നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി: രണ്ടാമത്തെ ജഡ്ജിയുടെ പിന്മാറ്റം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് അദ്ദേഹം ഈ തീരുമാനമറിയിച്ചത്.

​കഴിഞ്ഞ ദിവസം ഇതേ ഹർജി പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. എന്നാൽ ഇപ്പോൾ അദ്ദേഹവും കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറിയതോടെ തുടർച്ചയായ രണ്ടാം ജഡ്ജിയുടെ പിന്മാറ്റമാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്. ഹർജി ഇനി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം മറ്റൊരു ബെഞ്ച് പരിഗണിക്കും.

​മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം പുനരന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. നേരത്തെ വിചാരണ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ നിന്നും മറ്റ് ചില അനുബന്ധ ഹർജികളിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിട്ടുണ്ടായിരുന്നു. ദൃശ്യങ്ങൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നുവെന്ന ആരോപണം ഉയർന്ന സമയത്ത് അദ്ദേഹം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്നു എന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.

See also  പോലീസുകാർക്ക് നേരെ അസഭ്യം വിളി, പിന്നാലെ അക്രമവും; യുവാവ് അറസ്റ്റിൽ

Related Articles

Back to top button