തോക്കിൻമുനയിൽ നിർത്തി കൗൺസിലറെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അർദ്ധരാത്രി നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, കൗൺസിലർക്ക് പൂർണ്ണ പിന്തുണയുമായി മേയർ വി.വി. രാജേഷ് രംഗത്ത്. തലസ്ഥാന നഗരിയിൽ വെടിവപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു ജനപ്രതിനിധിയെ പിടികൂടേണ്ട യാതൊരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്ന് മേയർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസിന്റെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകന് നേരെ തോക്കുചൂണ്ടിയെന്ന് ആരോപണം
അറസ്റ്റ് നടപടികൾക്കിടയിൽ സുഗതന്റെ 14 വയസ്സുള്ള മകന് നേരെ പൊലീസ് തോക്കുചൂണ്ടിയതായി മേയർ ആരോപിച്ചു. വനിതാ പൊലീസുകാർ പോലുമില്ലാതെ അർദ്ധരാത്രി ഒമ്പത് മണിയോടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പൊലീസ് ചെയ്തത്. സുഗതൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും സുഗതന്റെ കുടുംബം വ്യക്തമാക്കിയതിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.
”കാപ്പ കേസ് പ്രതിയാണെന്നതിന് എന്ത് രേഖ?”
സുഗതൻ കാപ്പ (KAAPA) നിയമപ്രകാരമുള്ള പ്രതിയാണെന്ന് പൊലീസ് വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്ന് വി.വി. രാജേഷ് കുറ്റപ്പെടുത്തി.
”സുഗതൻ കാപ്പ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്ന കൃത്യമായ രേഖകൾ പുറത്തുവിടാൻ പൊലീസ് തയ്യാറാകണം. ക്രിമിനൽ പശ്ചാത്തലമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് സുഗതൻ കാപ്പ പ്രതിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ ഭരണകൂടം തയ്യാറല്ല. വർഷങ്ങളായി സി.പി.ഐ.എം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് ജനങ്ങൾ വിവേകത്തോടെ തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ് അദ്ദേഹം.” – മേയർ പറഞ്ഞു.
പൊലീസുകാർക്കെതിരെ ഗുരുതര ആരോപണം
വട്ടിയൂർക്കാവ് സി.ഐ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവരാണ് ഈ നാടകീയ നീക്കങ്ങൾക്ക് പിന്നിലെന്ന് മേയർ ആരോപിച്ചു. സി.ഐ വിപിൻ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണെന്നും, മുൻപ് പല പരാതികളെ തുടർന്ന് നിർബന്ധിത അവധിയിൽ പോയ ഇയാളെ വട്ടിയൂർക്കാവിൽ തിരിച്ചെത്തിക്കാൻ ഒത്താശ ചെയ്തത് ഇടതുപക്ഷത്തെ ഒരു മുൻ എം.എൽ.എ ആണെന്നും വി.വി. രാജേഷ് ആരോപിച്ചു.
സുഗതന് ബി.ജെ.പിയുടെയും കോർപ്പറേഷൻ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായ രാഷ്ട്രീയ-നിയമ പിന്തുണ നൽകുമെന്നും മേയർ എന്ന നിലയിൽ കൗൺസിലർമാരെ ഇത്തരത്തിൽ വേട്ടയാടുന്ന നടപടിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന്റെ വിശദീകരണം
അതേസമയം, ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം പ്രവർത്തകനെ കമ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച വധശ്രമക്കേസിൽ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സുഗതന്റെ അനുയായികൾ പൊലീസിനെ വളഞ്ഞ് ആക്രമിച്ചെന്നും, വട്ടിയൂർക്കാവ് സി.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ആകാശത്തേക്ക് വെടിയുതിർത്ത് സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും സുഗതനെതിരെ ഇപ്പോൾ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഗതനെ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.



