Kerala

കെഎസ്ആർടിസിയിൽ പുരുഷന്മാർക്കും സൗജന്യ യാത്ര വേണം; കെഎസ്ആർടിസി സർവീസുകൾ തടയാൻ ആഹ്വാനം ചെയ്ത് മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ വേറിട്ട പ്രതിഷേധവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി നിലവിൽ വരുന്ന ജൂൺ 15-ാം തീയതി സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾ തടയുമെന്നും തങ്ങളും സൗജന്യമായി യാത്ര ചെയ്യുമെന്നും സംഘടന പ്രഖ്യാപിച്ചു. അന്നേദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് ഓൾ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ചോദിക്കുന്നത്.

​യാത്രാ സൗജന്യങ്ങളിൽ പുരുഷന്മാരോട് കാണിക്കുന്നത് കടുത്ത ലിംഗവിവേചനമാണെന്നാണ് സംഘടനയുടെ വാദം. സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ടാക്സ് കൊടുക്കുന്ന പുരുഷന്മാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

​പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 15-ന് കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റെടുക്കാതെ കയറി ‘ഫ്രീയായി’ യാത്ര ചെയ്യാനാണ് അസോസിയേഷൻ അംഗങ്ങളുടെ തീരുമാനം. അന്നേദിവസം തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പടിക്കൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ അരങ്ങേറുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൌജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് പുരുഷ സംഘടനകളുടെ ഈ വേറിട്ട പ്രതിഷേധ പ്രഖ്യാപനം.

See also  അങ്കമാലിയില്‍ ആന ഇടഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം: രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

Related Articles

Back to top button