Kerala

എ.പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ; പത്രത്തിൽ കണ്ട കാര്യത്തിന് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പത്രത്തിൽ കണ്ട കാര്യത്തിന് അന്വേഷണം നടത്തിയിട്ട് കാര്യമില്ല. കോടതി നിയന്ത്രണത്തിലുള്ള എസ്ഐടിക്ക് വേണമെങ്കിൽ പരിശോധിക്കാം. പത്മകുമാർ ആത്മകഥ എഴുതുന്നത് നല്ല കാര്യമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്നായിരുന്നു ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ. താൻ പറയുന്നയാളെ നിയമിക്കാൻ മന്ത്രി കത്തു നൽകി. മന്ത്രിയുടെ ശിപാർശക്കത്ത് ആത്മകഥയിലൂടെ പുറത്തുവിടുമെന്നും പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞു. പത്മകുമാറിന്‍റെ ‘ദൈവതുല്യൻ’ പരാമർശം സിപിഎമ്മിലെ ഉന്നത നേതാവിനെതിരെയാണെന്നാണ് സൂചന. തലസ്ഥാനത്തെ പാർട്ടി മന്ദിര നിർമാണത്തിന് തട്ടിപ്പുപണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

ശബരിമല സ്വർണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയായി. എസ്‍പി എസ് ശശിധരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇന്നലെ പ്രഭാമണ്ഡലം ഇളക്കിയെടുത്ത് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളിയുടെ ഭാഗങ്ങളും ഇളക്കിയെടുത്തു. പ്രത്യേകം തയ്യാറാക്കിയ മുറിയിൽ വെച്ച് സ്വർണത്തിന്‍റെ തൂക്കം ഉൾപ്പെടെ തിട്ടപ്പെടുത്തി.

അതേസമയം കേസിൽ എസ്ഐടി അന്വേഷണത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ അന്വേഷണമുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ വീണ്ടും അന്വേഷണം നടത്തും. പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ പോലെ ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ട്. പുറത്തുവരുന്ന സത്യങ്ങൾക്ക് അനുസരിച്ച് അന്വേഷണം നടക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

See also  തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം; ജനറൽ ആശുപത്രിയിലെത്തിക്കും

Related Articles

Back to top button