Kerala

സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടേ; പ്രിയദർശിനി പദ്ധതിക്കെതിരായ ഹർജിയിൽ ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി സാധാരണ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ഹർജിക്കാരൻ വാദിച്ചപ്പോൾ, “തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഒരു വാഗ്ദാനമെങ്കിലും അവർ ഇപ്പോൾ കൃത്യമായി പാലിച്ചല്ലോ, സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടേ?” എന്ന് കോടതി ചോദിച്ചു. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് പാവപ്പെട്ടവർക്കല്ലേ എന്നും കോടതി കൂട്ടിച്ചേർത്തു. വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അന്തിമ വിധി പറയാനായി മാറ്റി.

​ശാസ്ത്രീയമായ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് സർക്കാർ അധികാരമേറ്റ ആദ്യ ദിനം തന്നെ ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സൗജന്യങ്ങൾ നൽകുന്നത് വിവേചനപരമാണെന്നും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കൂടാതെ പദ്ധതി വഴി പ്രതിവർഷം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഖജനാവിനുണ്ടാകുമെന്നും ഹർജിക്കാരൻ വാദിച്ചു.

​എന്നാൽ സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഈ വാദങ്ങളെ ശക്തമായി എതിർത്തു. സ്ത്രീ ശാക്തീകരണവും അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനവുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഡൽഹി, കർണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങി രാജ്യത്തെ ഏഴോളം സംസ്ഥാനങ്ങളിൽ സമാനമായ വനിതാ സൗജന്യ യാത്രാ പദ്ധതികൾ വർഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും ഇത് സർക്കാരിന്റെ പ്രഖ്യാപിത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സർക്കാർ ബോധിപ്പിച്ചു.

​പദ്ധതിയുടെ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിക്കാരന്റെ ആവശ്യം തള്ളിയ കോടതി, കേസിൽ രണ്ട് വിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാനായി മാറ്റിവെച്ചത്.

See also  ജിം പരിശീലക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു

Related Articles

Back to top button